നിഷ്കളങ്കന്റെ പ്രണയ ലേഖനം

ന്റെ സുന്ദരി കുട്ടിക്ക് ,

എന്താ ഒരമ്പരപ്പ് ! ഞാന്‍ ആരാണെന്ന് ഓര്‍ത്തിട്ടാണോ...? എന്നെ മനസിലാക്കാന്‍ ഒരു 'ക്ളൂ  ' തരാം. കഴിഞ്ഞ ദിവസം പത്രങ്ങളിലൊക്കെ ഫോട്ടൊയോടു കൂടി ഒരു വാര്‍ത്ത ഉണ്ടായിരുന്നില്ലേ അമ്പത് പവന്‍ ആഭരണവും അഞ്ച് ലക്ഷം രൂപയും അടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത് ഉടമയെ തിരിച്ചേല്‍പ്പിച്ച ഒരാളെപറ്റി ആ വെളുത്ത് സുമുഖനായ ചെറുപ്പക്കാരന്‍ ഞാനാണ്‌.നീ ഞാനാരെന്ന് ആലോചിച്ച് വിഷമിക്കുന്നത് എനിക്കു സഹിക്കില്ല (നിന്റെ ഒരു വിഷമവും എനിക്ക് സഹിക്കില്ല) അതു കൊണ്ടാണ്‌ പെട്ടന്ന് എന്നെ മനസിലാക്കാന്‍ ഈ കാര്യം പറഞ്ഞത് എന്റെ കല്ല്യാണം എത്രയും പെട്ടന്ന്  നടത്തണം എന്ന് വീട്ടുകാര്‍ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട് .എന്തെങ്കിലും കള്ളം പറഞ്ഞ് തല്‍ക്കാലം രക്ഷപ്പെടാമെന്നു കരുതി എങ്ങിനാ കള്ളം പറയാ ഒരിക്കലും കള്ളം പറയരുതെന്നു പഠിപ്പിച്ച അച്ഛന്റെ വാക്ക് എങ്ങിനാ ധിക്കരിക്കാ  . ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും അവളെത്തന്നെ കല്ല്യാണം കഴിക്കുമെന്നും വീട്ടില്‍ പറഞ്ഞു.ലോകത്ത് മറ്റെന്തിനെക്കാളും നിന്നെ വിശ്വസിക്കുന്നതു കൊണ്ടാണ്‌ നിന്റെ സമ്മതത്തിനു പോലും കാത്തു നില്‍ക്കാതെ ഞാന്‍ അങ്ങിനെ പറഞ്ഞത് . വീട്ടുകാര്‍ സമ്മതിച്ചു ഒറ്റ മോനായതു കൊണ്ട് എതിര്‍ത്തൊന്നുമില്ല .ഇനി എന്റെ വിശ്വാസം കാക്കേണ്ടത് നീയാണ്‌

പഠിക്കുന്ന കാലത്തൊന്നും ഒരു പെണ്‍കുട്ടിയോടും ഇഷ്ടം തോന്നിയിട്ടില്ല .. ചില പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്ന് പറയാമെങ്കിലും ഒന്നു ഫോണ്‍ ചെയ്യത്തക്ക അടുപ്പം പോലും ഉണ്ടായിരുന്നില്ല... എം.ബി.എ റിസല്‍റ്റ് വന്ന വിവരം എന്നെ വിളിച്ചറിയിച്ചത് ഒരു പെണ്‍കുട്ടിയായിരുന്നു അന്നാണ്‌ ആദ്യമായി ക്ലാസിലെ ഒരു പെണ്‍കുട്ടിയോട്‌   ഫോണില്‍ സംസാരിക്കുന്നത് ഫസ്റ്റ് ക്ലാസില്‍ വിജയിച്ച സന്തോഷത്തില്‍ ഞാന്‍ കുറേ സംസാരിച്ചു അതുകൊണ്ടാണെന്ന് തോന്നുന്നു ബിസ്‌കറ്റ് കമ്പനിയില്‍ മാനേജരായി ആറക്ക ശംബളത്തോടു കൂടി എനിക്ക് ജോലി ലഭിച്ച വിവരം അറിഞ്ഞ് അവള്‍ പിന്നെയും വിളിച്ചിരുന്നു ഞാന്‍ അധികമൊന്നും സംസാരിച്ചില്ല പിന്നെ വിളിച്ചിട്ടില്ല.... . നിന്നോട് ഒന്നും എനിക്ക് ഒളിച്ചു വെക്കാന്‍ കഴിയില്ല അതുകൊണ്ടാണ്‌ ഫോണില്‍ സംസാരിച്ച കാര്യം പറഞ്ഞത്‌ ഫോണില്‍ രണ്ട് വട്ടം സംസാരിച്ചത് തെറ്റൊന്നുമല്ല്ലല്ലോ ...

തുടര്‍ച്ചയായി ഫോണ്‍ റിങ് ചെയ്യുന്നത് കൊണ്ട് എഴുത്തില്‍ ശ്രദ്ധകിട്ടുന്നില്ല എന്റെ കുട്ടുകാരാ വിളിക്കുന്നത് കോളേജില്‍ പഠിക്കുന്ന കാലത്ത് ചേര്‍ന്ന ഇരുപത് ലക്ഷത്തിന്റെ ചിട്ടി വട്ടമെത്തി അതിന്റെ ചെലവു ചോദിച്ചുള്ള വിളിയാ .. രണ്ട് തലമുറക്ക് ജീവിക്കാനുള്ള ആസ്തി അച്ഛനും അമ്മയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആരെയും ആശ്രയിച്ചു ജീവിക്കാന്‍ മനസ് അനുവദിക്കാത്തതു കൊണ്ട്  പഠിക്കുന്ന കാലത്ത് തന്നെ പാര്‍ട്ട് ടൈം ആയി ജോലിക്കു പോയിരുന്നു അന്ന് മിച്ചം വെച്ച്‌ പണം നിക്ഷേപിച്ചിരുന്ന ചിട്ടിയാണ്‌ ഇപ്പോള്‍ വട്ടമെത്തിയിരിക്കുന്നത്... കൂട്ടുകാര്‍ക്ക് ട്രീറ്റ് ചെയ്യണം

അധികം എഴുതാന്‍ വയ്യ ഇന്നലെ ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച് നാല്‌ തെമ്മാടികളെ ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടിവന്നു .കൈ ചെറുതായി വേദനിക്കുന്നുണ്ട് .ചെറുപ്പത്തിലെ അച്ഛന്‍ നിര്‍ബന്ധിച്ചു കരാട്ടെ ക്ളാസിനു ചേര്‍ത്തതും പിന്നെ ബ്ളാക്ക് ബെല്‍റ്റ് എടുത്തതുമെല്ലാം ആ പെണ്‍കുട്ടിയെ രക്ഷിച്ചപ്പോള്‍ ഓര്‍ത്തുപോയി... കൈ വേദനകാരണം പതിവായുള്ള തബല പ്രാക്ടീസും ടെന്നീസ് കളിയും വല്ലപ്പോഴുമുള്ള കവിത എഴുത്തും മുടങ്ങി എന്നാലെന്താ ഒരു പെണ്‍കുട്ടിയുടെ മാനം കാക്കാന്‍ പറ്റിയില്ലെ...

ഇത്രയും വായിച്ചിട്ട് നിനക്കെന്നെ കാണാന്‍ തോന്നുന്നുണ്ടോ  ഞാനും എന്റെ സുഹൃത്തുക്കളും കൂടി നാളെ കോട്ടക്കുന്ന് മൈതാനത്ത് വെച്ച്‌  ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുക  ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരെ അതില്‍നിന്നു പിന്‍തിരിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട് അവിടെ വന്നാല്‍ മതി വരുമെന്ന പ്രതീക്ഷയോടുകുടി നിര്‍ത്തുന്നു

എന്ന്  നിന്റെ സ്വന്തം

 <.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer