മുല്ല കഥകൾ 1

ഒരു അപരിചിതനുമായി മുല്ല സംഭാഷണം തുടങ്ങി.
'ബിസിനസ്‌ ഒക്കെ എങ്ങിനെ പോകുന്നു ?'
' നന്നായി നടക്കുന്നു.'
'ഓഹോ…ഒരു പത്തു ദിനാര്‍ കടം തന്നു കൂടെ.'
'നിങ്ങള്ക്ക് കടം തരാം മാത്രമുള്ള പരിചയം നമ്മള്‍ തമ്മില്‍ ഉണ്ടായിട്ടില്ലല്ലോ'
'ഞാന്‍ മുമ്പ് താമസിച്ച നാട്ടിലുള്ളവര്‍ എനിക്ക് കടം തരാതിരിക്കാന്‍ പറയുന്ന കാരണം  അവര്‍ക്ക് എന്നെ നല്ല പരിചയം ഉണ്ട് എന്നതാണ്.. അത് കൊണ്ട് ആ നാട് വിട്ടു ഇവിടെ വന്നു. ഇവിടെ  നിങ്ങള്‍ പറയുന്നു എന്നെ തീരെ പരിചയം ഇല്ലാത്തത് കൊണ്ട് കടം തരാന്‍ പറ്റില്ല എന്ന്. ഇതെന്തു ന്യായം'

*********************************************************************************
'നസ്രുദീനേ, മോനേ, രാവിലേ എഴുന്നേൽക്കെടാ.'
'അതെന്തിനാ വാപ്പാ ?'
'അതൊരു നല്ല ശീലമാണെടാ. പണ്ടൊരു ദിവസം ഞാൻ അതിരാവിലെ എഴുന്നേറ്റു നടക്കാൻ പോയതാണ്‌. വഴിയിൽക്കിടന്ന് ഒരു ചാക്കു പൊന്നാണ്‌ അന്നെനിക്കു കിട്ടിയത്‌.'
'വാപ്പ  പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നുന്നില്ല. അതു നഷ്ടപ്പെട്ടയാൾ വാപ്പയേക്കാൾ നേരത്തേ എഴുനേറ്റയാളായിരിക്കണം.'

*********************************************************************************

നസ്രുദീൻ ഒരിക്കൽ ഒരു ധനികന്റെ വീട്ടിൽ ധർമ്മം ചോദിച്ചുചെന്നു. യജമാനൻ പുറത്തുപോയിരിക്കുകയാണെന്ന് വേലക്കാരൻ വന്നറിയിച്ചു.
അതായിക്കോട്ടെ,' നസ്രുദീൻ പറഞ്ഞു; 'അദ്ദേഹം ഒന്നും തന്നില്ലെങ്കിലും എന്റെവക ഈ ഉപദേശം നീ അദ്ദേഹത്തിനു കൊടുക്കാൻ മറക്കരുത്‌: "ഇനി പുറത്തുപോകുമ്പോൾ മുഖം ജനാലപ്പടിയിൽ വച്ചിട്ടുപോകരുത്‌-ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകും

*********************************************************************************
വാതിലില്‍ ശക്തമായി മുട്ടുന്ന ശബ്ദം കേട്ടാണ് മുല്ല ഉണര്‍ന്നത്. വാതില്‍ തുറന്ന മുല്ല കണ്ടത് സ്വന്തം മകള്‍ ശരീരത്തില്‍ മുറിവുകളുമായി പുറത്തിരുന്നു കരയുന്നതാണ്.
' എന്ത് പറ്റി , അവന്‍ വീണ്ടും തല്ലിയോ ?'
' അതെ, എന്നെ ഇന്നലെയും അടിച്ചു.'
ഉടനെ അകത്തു പോയ മുല്ല  ഒരു വടിയുമായി വന്നു മകള്‍ക്കിട്ടു നല്ല അടി കൊടുത്ത്. എന്നിട്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ പോയി പറഞ്ഞു.
' നിങ്ങള്‍ എന്‍റെ മകളെ തല്ലിയതിന് ഞാന്‍ പ്രതികാരം ചെയ്തു. ഞാന്‍ നിങ്ങളെ ഭാര്യയെ പൊതിരെ തല്ലി '

*********************************************************************************
കോടതിവരാന്തയുടെ തൂണിൽ കഴുതയെ കെട്ടിയിട്ട്‌ മുല്ലാ അങ്ങാടിയിൽ പോയി. ഈ സമയത്ത്‌ ന്യായാധിപൻ ഒരു കള്ളസാക്ഷിക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു; കഴുതയുടെ മേൽ പുറം തിരിച്ചിരുത്തിയിട്ട്‌ തെരുവിലൂടെ നടത്തുക- അതായിരുന്നു ശിക്ഷ. കൈവാക്കിന്‌ ഒരു കഴുതയെ കിട്ടിയപ്പോൾ അവർ അതിനെത്തന്നെ ശിക്ഷ നടത്താൻ ഉപയോഗിക്കുകയും ചെയ്തു. മുല്ലാ തിരിച്ചുവന്ന് കഴുതയെ കാണാതെയായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.അൽപകാലം കഴിഞ്ഞ്‌ അതേ മനുഷ്യനെ അതേ കുറ്റത്തിന്‌ അതേ ശിക്ഷയ്ക്കു വിധിച്ചു. ശിക്ഷ നടപ്പാക്കാൻ കഴുത വേണമെന്നായപ്പോൾ കോടതിയധികാരികൾ കഴുതയെ വേണമെന്നു പറഞ്ഞ്‌ മുല്ലായുടെയടുത്തേക്ക്‌ ആളെയയച്ചു. മുല്ലാ പൊട്ടിത്തെറിച്ചു:
'എനിക്കെന്റെ കഴുതയെ തരാനൊന്നും പറ്റില്ല. ഒന്നുകിൽ ഈ പണി നിർത്താൻ അയാളോടു പോയിപ്പറയുക; അല്ലെങ്കിൽ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി ഒരു കഴുതയെ വാങ്ങിവയ്ക്കാൻ അയാളോടു പറയുക.'Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer