അധികം വൈകാതെ ഞാൻ കോട്ടയത്ത് നിന്ന് സ്വന്തം നാടായ ഷൊർണ്ണൂർക്ക് ട്രാൻസ്ഫർ ആയി ആയിടക്ക് ആണ് എന്റെ മോള് പഠിക്കുന്ന കോളേജിൽ അവരുടെ ഡിപ്പാർട്ട്മെന്റ് നവമാധ്യമങ്ങളെ കുറിച്ചുള്ള ഒരു സെമിനാർ സംഘടിപ്പിക്കുന്നത് ഞാൻ "ഔട്ട് ഡേറ്റഡ് "ആണെന്നു മോൾ എപ്പോഴും കളിയാക്കിപ്പറയാറുണ്ട് അതിൽ സത്യമില്ലതെയില്ല ."ഞായറാഴ്ചയല്ലേ ലീവല്ലേ അച്ഛൻ വാ" എന്റെ മോളുടെ സ്നേഹത്തിൽ ചാലിച്ച വാശിക്ക് വഴങ്ങി ആ സെമിനാറിൽ പങ്കെടുത്ത് "അപ്ടു ഡേറ്റ് " ആവാൻ ഞാൻ തീരുമാനിച്ചു . പത്തുമണിക്ക് തുടങ്ങി ഒരു മണിക്ക് അവസാനിക്കേണ്ട സെമിനാർ ഉദ്ഘാടനം ചെയ്യേണ്ട വിദ്യാഭ്യാസമന്ത്രി വരാൻ താമസിച്ചത് കൊണ്ട് പന്ത്രണ്ടരക്ക് ആണ് ആരംഭിച്ചത് .അതാ ഡയസിൽ ജിക്കു അവൻ എന്നെ കണ്ടിട്ടില്ല .മന്ത്രിയുടെ ഉദ്ഘാടനവും രണ്ടു പേർ നവമാധ്യമങ്ങളെ കുറിച്ച് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടു മണിയായി അങ്ങനെ ജിക്കുവിന്റെ ഊഴമായി മൈക്ക് മാത്രമല്ല ജിക്കു കയ്യിലെടുത്തത്ത് ആ സദസിനെ മുഴുവനായിരുന്നു "എന്താ സ്പീച്ച് ..എന്താ ആ ചെക്കന്റെ ഒരു അറിവ്.. ശരിക്കും ഒരു വിജ്ഞാന ഭണ്ഡാരം തന്നെ " അടുത്തിരിക്കുന്നവർ പതിഞ്ഞ സ്വരത്തിൽ പറയുന്നത് എനിക്ക് കേൾക്കാം . അതെ ഗംഭീരമയിരുന്നു അവന്റെ അവതരണം ഇവനെയണല്ലോ കള്ളക്കടത്ത്കാരനായി തെറ്റിധരിച്ചത് എന്നോർത്ത് എന്റെ മനസൊന്നു പിടഞ്ഞു.മൂന്നു മണിയോടെ ജിക്കുവിന്റെ അവതരണം അവസാനിച്ചു അപ്പോൾ ഞാൻ ചിന്തിച്ചിരുന്നത് എന്റെ മോളെ ഇത്രയും മിടുക്കനായ ജിക്കു വിനു കെട്ടിച്ചു കൊടുത്താലോ എന്നായിരുന്നു .എന്റെ പാവം മോള് അവന് ബിരിയാണി വെച്ചു കൊടുത്തും എന്റെ കുടുംബം അവന് ബിരിയാണി വാങ്ങിക്കൊടുത്തും പണ്ടാറമടങ്ങുമല്ലോ എന്ന് ഓർത്ത് ആ ചിന്തയെ വന്ന വഴി തന്നെ ഞാൻ പറഞ്ഞയച്ചു .തന്റെ അടുത്തിരുന്ന ആളുടെ ചെവിൽ എന്തോ സ്വകാര്യം പറഞ്ഞ് ജിക്ക് അവിടന്ന് ഇറങ്ങി മൂത്രം ഒഴിക്കനോ മറ്റോ ആകുമെന്ന് ഞാൻ കരുതി .രണ്ട് മിനിറ്റായില്ല എവിടെന്നോ ഒരു അലർച്ച "അമ്മേ " ഹാളിൽ വെച്ച വിവിധ സ്പീക്കറുകളെ നാണിപ്പിക്കുന്നതായിരുന്നു ആ അലർച്ച ഞങ്ങൾ പുറത്തേക്കോടി .പാചകശാലയുടെ ഭാഗത്തുനിനാണു അലർച്ച കേട്ടതെന്നു പുറത്ത് നിന്നിരുന്ന ഒരാൾ പറഞ്ഞു .പാചകശാലയിൽ പോയി നോക്കിയ ഞങ്ങൾ കാണുന്നത് ബിരിയാണി ചെമ്പിൽ കുത്തി നിർത്തിയ രണ്ടു കാലുകൾ .ഞങ്ങൾ വളരെ പണിപ്പെട്ടു ആ കാലുകളുടെ ഉടമയെ പൊക്കിയെടുത്തു "സാക്ഷാൽ ശ്രീമാൻ ജിക്കു" . വായിലും മൂക്കിലും ബിരിയാണികയറിയ ജിക്കുവിന്റെ ബോധം നഷ്ടപ്പെട്ടിരിന്നു ഞങ്ങൾ ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു .ഡോക്ടർ അവനു കുഴപ്പമൊന്നുമില്ല കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും എന്ന് വിവിധ പരിശോധനകൾക്ക് ശേഷം പറഞ്ഞപ്പോൾ .ഞാൻ മനസുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയോട് നന്ദി പറയുകയായിരുന്നു. നേരത്തിനു വരാതെ ചെമ്പിലെ ബിരിയാണിയെ ഐസ് പോലെയാക്കിയതിനു . ജിക്കുവിനു ബോധം വീണിട്ടില്ല അവന്റെ കയ്യിലേക്ക് ഞാൻ നോക്കി " മരണം മുന്നിൽ നിൽക്കുന്ന നേരത്തും കാഞ്ചന മാലയുടെ പാദസ്പർശമേറ്റ മണൽ തരികൾ മൊയ്തീൻ നെഞ്ചോട് ചേർത്ത് പിടിച്ച പോലെ ചിക്കൻ പീസോട് കൂടിയ ഒരു പിടി ബിരിയാണി ജിക്കു നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു " അബോധാവസ്ഥയിലും ആ പിടിവിടിയിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഞങ്ങൾക്ക് കഴിഞ്ഞില്ല
പിന്നെ ഞാൻ ജിക്കുവിനെ കാണുന്നത് പൊന്നാനിയിലെ ഒരു കല്യാണ മണ്ഡപത്തിൽ വെച്ചാണ് .എന്റെ പ്രിയ സുഹൃത്തിന്റെ മകളുടെ കല്യാണമായിരുന്നു .ഞാനും മോളും കൂടിയായിരുന്നു കല്യാണത്തിനു പോയത് . ഞാനും മറ്റ് സുഹൃത്തുക്കളും സംസാരിച്ചു നിൽക്കുകയായിരുന്നു ഓട്ടോയിൽ നിന്നിറങ്ങി നടന്നു പോകുന്ന ഒരു പയ്യന്റെ പുറകുവശം എനിക്ക് കാണാം ശരീരത്തിൽ പതിഞ്ഞു കിടക്കുന്ന ബാഗ് "ജിക്കുവിന്റെ അതേ പോലത്തെ ബാഗ് ആണല്ലോ" ഞാൻ മനസിൽ പറഞ്ഞു .ഞങ്ങൾ സംസാരം തുടർന്നു സമയം പോയതു അറിഞ്ഞില്ല മോള് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു അവൾ ചിരിയടക്കാൻ പാടുപെടുകയാണ് അച്ഛൻ വാ ഒരു കാര്യം കാട്ടിത്തരാം അച്ഛൻ ചിരിച്ചു ചിരിച്ചു ചാവും .അവളങ്ങനെയാണു ചിരിയും കണ്ണീരുമെല്ലാം ആദ്യം എന്നോടാണ് പങ്കുവെയ്ക്കാറു .ഞാൻ അവളുടെ കൂടെ നടന്നു ഹാളിൽ കണ്ട കാഴ്ച എന്നെ ചിരിപ്പിച്ചില്ല ഞെട്ടലാണ് ഉണ്ടാക്കിയത് ഒരുത്തൻ ജീവിതത്തിൽ ഇന്നേവരെ ബിരിയാണി എന്ന വാക്ക് പോലും കേൾക്കാത്തവനെ പോലെ വെട്ടി വിഴുങ്ങാണു അത് മറ്റാരുമല്ല നമുടെ ജിക്കു തന്നെ .ചുറ്റിലും ആളുകൾ ആക്രാന്തം കണ്ട് പൊട്ടിച്ചിരിക്കുന്നു ജിക്കു ഇതൊന്നും അറിയുന്നെ ഇല്ല .രംഗം വഷളാകുമെന്ന് മനസിലാക്കിയ ഞാൻ ആളുകളെയെല്ലാം അവിടെന്നു മാറ്റി ജിക്കുവിനെ തട്ടിവിളിച്ചു എഴുന്നേൽക്കാൻ പറഞ്ഞു എന്നെ അവിടെ കണ്ടതിൽ അവനു ഒരു അത്ഭുതവും തോന്നിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി .അവൻ നീരസത്തോടേ പറഞ്ഞു സാറേ വിശപ്പ് മാറിയിട്ടില്ല .ഞാൻ എങ്ങിനെയൊക്കെയോ അവനെ എഴുന്നേൽപ്പിച്ചു കൈകഴുകിയിട്ടു പുറത്തേക്ക് വരാൻ പറഞ്ഞു നേരം കുറച്ചായി അവനെ കാണുന്നില്ല എനിക്ക് ആശങ്കയായി "അവൻ പിന്നെയും ബിരിയാണി കഴിക്കാൻ ഇരുന്നോ! " ഇല്ല അവൻ വരുന്നുണ്ട്
"എന്താ ജിക്കു ഇവിടെ"
"തുഞ്ചൻ പറമ്പിലേക്ക് പോകുന്ന വഴിയാണ് അവിടെ ബ്ലോഗർ മീറ്റ് നടക്കുന്നുണ്ട് ബസ്സിൽ പോകുമ്പോൾ ബിരിയാണിയുടെ മണമടിച്ചു അപ്പൊ ഇറങ്ങിയതാ "
"താൻ ഓട്ടോയിൽ അല്ലേ വന്നത്"
"സൂപ്പർ ഫാസ്റ്റിനു ഇവിടെ സ്റ്റോപ്പില്ലത്രേ ചമ്രവട്ടം പാലത്തിന്റെ അവിടെ ഇറങ്ങി ഓട്ടോ വിളിച്ചു വന്നതാ"
അവന് വിളിക്കാത്ത കല്ല്യാണത്തിനു വന്നതിലും വെട്ടി വിഴുങ്ങിയതി ലും അത് ഞാൻ കണ്ടുപിടിച്ചതിലും ഒരു നാണക്കേടും തോന്നിയില്ല അല്ലെങ്കിലും അവന് ബിരിയാണിയേക്കാൾ വലുതല്ലല്ലോ മാനം .ജിക്കു അവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എന്റെ ശ്രദ്ധമുഴുവൻ "ചരക്ക്" നിറച്ച ആ ബാഗിൽ ആയിരുന്നു
ജിക്കു നേരിട്ട് പ്രത്യക്ഷപ്പെടാതെ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു സംഭവം ആണു ഇനിപറയുന്നത് .അന്ന് എന്റെ ഇളയ പെങ്ങളെ പെണ്ണുകാണാൻ ചെക്കന്റെ വീട്ടിൽ നിന്ന് ആളുകൾ വരുന്ന ദിവസമായിരുന്നു മുൻകൂട്ടി അറിയിച്ചിട്ടല്ല വരവ് .ചെക്കൻ സ്വന്തമായി ഹോട്ടൽ നടത്തുകയായിരുന്നു ഒപ്പം ഒരു ഡയറി ഫാമും ജൈവ പച്ചകറി കൃഷിയും ഉണ്ട് .ബിസിനസ് കാർക്ക് അവളെ കെട്ടിച്ചു കൊടുക്കാൻ ഞങ്ങൾക്ക് പൊതുവെ താൽപ്പര്യം ഉണ്ടായിരുന്നില്ല ബിസിനസ്സ് സുരക്ഷിതമല്ല എന്ന 'ക്ലീഷെ' ന്യായം തന്നെയായിരുന്നു അതിനു കാരണം .വന്നവർക്ക് വിഷമം വാരാത്ത രീതിയിൽ ഞാൻ കാര്യം അവതരിപ്പിച്ചു .കല്യാണ ബ്രോക്കർ ആണു ഇതിനു മറുപടി പറഞ്ഞത് "സാറിന് ഇവന്റെ ഹോട്ടലിനെ കുറിച്ചു അറിയാഞ്ഞിട്ടാ ആഴ്ചയിൽ രണ്ടു ദിവസം ജിക്കു വരുന്ന ഹോട്ടലാ" ചെക്കന്റെ കണ്ണ് അഭിമാനം കൊണ്ട് വിടർന്നു .എന്റെ മനസ് സന്തോഷം കൊണ്ടും ചെക്കന്റെ സ്വഭാവത്തെ കുറിച്ചും കുടുംബത്തെകുറിച്ചും ജിക്കു ഹോട്ടലിൽ വരാറുണ്ടോ എന്നതിനെ പറ്റിയും അന്വേഷിച്ചു ഞങ്ങൾക്ക് ബോധ്യപ്പെട്ടു .ഇന്ന് ആ ഹോട്ടലുമുതലാളി എന്റെ അളിയനാണ് .അവർ പുതുതായി പണിത വീടിന്റെ മുൻവശത്ത് ജിക്കുവിന്റെ വലിയൊരു ഫോട്ടോയും അതിനു താഴെ "ജിക്കു ഈ വീടിന്റെ ഐശ്വര്യം" എന്നും എഴുതി വെച്ചിട്ടുണ്ട് .ഡയറി ഫാമിൽ നിന്ന് ജൈവ പച്ചക്കറി തോട്ടത്തിലേക്ക് ചാണകം കൊണ്ട് പോകുന്ന പെട്ടി ഓട്ടോറിക്ഷയിലും" ജിക്കു ഈ വാഹനത്തിന്റെ ഐശ്വര്യം എന്ന് എഴുതിയിട്ടുണ്ട്"
കാലം കുറേയായി ജിക്കുവിനെ കണ്ടിട്ട് അവനെ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു എങ്കിലും ബിരിയാണി കഴിക്കുംബോഴും അളിയന്റെ ചാണക വണ്ടികാണുമ്പോഴും അവനെ ഓർക്കാറുണ്ട് .ആയിടക്ക് ആണ് വീട്ടിൽ ഒരു ദുരന്തം സംഭവിച്ചത് ഞാനും ഭാര്യയും യാത്ര ചെയ്തിരുന്ന ബൈക്കിൽ ഒരു ലോറി വന്നിടിച്ചു ഭാര്യ അപ്പോൾ തന്നെ മരണപ്പെട്ടു ഞാൻ തളർന്ന് കിടപ്പായി ഒരിക്കലും എനിക്ക് എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി . അപകടത്തിനു ശേഷം ഇന്നാണു ഞാൻ വീണ്ടും ജോലിക്കു കയറുന്നത് ഷൊർണ്ണൂർ സ്റ്റേഷനിൽ തന്നെയാണ് (ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഞാൻ എങ്ങിനെ ജോലിക്ക് കയറി എന്ന സംശയം നിങ്ങൾക്ക് ഉണ്ടാവുമെല്ലേ അല്പം ക്ഷമിക്കൂ ഇപ്പൊപ്പറയാം) അഞ്ചു മണിയോട് കൂടി എന്റെ മോള് സ്റ്റേഷനിൽ വന്നിറങ്ങി അവൾ പതിവിലും സന്തോഷത്തിലാണ് .ഞാൻ ഇന്ന് ജോലിക്ക് കയറിയതും അവൾ ജോലി ചെയ്ത് ആദ്യത്തെ ശമ്പളം വാങ്ങിയതുമായിരുന്നു അവളുടെ സന്തോഷത്തിനു കാരണംഅവൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മതന്നു അവൾ പണ്ടും ഇങ്ങനെയാണ് സ്ഥലകാല ബോധമില്ലാതെ സ്നേഹം പ്രകടിപ്പിക്കും വലിയ ജോലിക്കാരിയായിട്ടും ഒരു മാറ്റവുമില്ല .അവൾ ബാഗിൽ നിന്ന് കുറേ നോട്ടുകൾ എടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു "അച്ഛാ ഇതാ അച്ഛന്റെ മോൾടെ ആദ്യത്തെ ശമ്പളം മുഴുവൻ അച്ഛൻ എടുത്തോ എന്താച്ചാ വാങ്ങിക്കോ വേണെങ്കിൽ രണ്ടെണ്ണം 'വീശിക്കോ' " എന്റെ കണ്ണു നിറഞ്ഞു കണ്ണു നിറഞ്ഞത് മദ്യപിച്ചോളാൻ പറഞ്ഞ സന്തോഷത്തിലാണോ വിഷമം കൊണ്ടാണോ അതോ അഭിമാനം കൊണ്ടോ എനിക്കറിയില്ല .ഞാൻ മോളോട് പറഞ്ഞു "വേണ്ടടാ എന്റെ കുട്ടി എടുത്തോ " അവൾ ഒരു കൈകൊണ്ട് എന്റെ കഴുത്തിൽ ഇറുക്കി പിടിച്ചുകൊണ്ട് "മര്യാദക്ക് വാങ്ങിക്കോ അല്ലെങ്കിൽ ഇപ്പൊ ഞാൻ കൊല്ലും " സ്റ്റേഷനിലെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് ഞാൻ വേഗം പൈസവാങ്ങി "ഗുഡ് ബോയ് "അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു .വേഗം വീട്ടിലോട്ട് വരണം എന്ന് പറഞ്ഞ് അവൾ അവിടെന്ന് പോയി . അവൾ അവിടെന്നു പോയതും എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല വയ്യാതെ കിടക്കുന്ന എന്നെ നോക്കാൻ വേണ്ടി വലിയ വലിയ കമ്പനികളിൽ നിന്നുള്ള എത്ര എത്ര ജോലി ഓഫറുകൾ ആണ് അവൾ തള്ളിക്കളഞ്ഞത് .അവളുടെ അമ്മയുടെ വീട്ടുക്കാരും എന്റെ വീട്ടുകാരും കൊണ്ട് വന്ന എത്ര എത്ര വിവാഹാലോചനകളാണ് അവൾ തള്ളി കളഞ്ഞത് "മോളേ നീ ഒരു കല്യാണം കഴിക്ക് എന്നെ ഏതെങ്കിലും അനാഥ മന്ദിരത്തിൽ ആക്കിയാൽ മതി"എന്ന് പറഞ്ഞ എന്റെ നേർക്ക് ഒരു ചീറ്റപുലിയേ പോലെ ചീറ്റിയതും അതിനു ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് ഇനി അങ്ങനെ പറഞ്ഞാൽ അവൾ ചത്തു കളയും എന്ന് പറഞ്ഞതും.വിവാഹം കഴിക്കാൻ പറഞ്ഞ അവളുടെ അമ്മാവനോട് "എന്റെ അച്ഛൻ എഴുന്നേറ്റ് നടക്കും വരെ എനിക്കൊരു വൈവാഹിക ജീവിതം ഇല്ലാ എന്ന് പറഞ്ഞതും "അമ്മാവൻ ദേഷ്യപെട്ടുകൊണ്ട് "നിന്റെ അച്ഛൻ ഒരിക്കലും എഴുന്നേറ്റ് നടന്നില്ലങ്കിലോ" എന്ന് ചോദിച്ചപ്പോൾഎങ്കിൽ എന്റെ മരണം വരെ അച്ഛനെ ഞാൻ നോക്കും എന്ന് പറഞ്ഞ് " പൊട്ടിത്തെറിച്ചതും . ഒരു പാടു പരിശോധനകൾക്ക് ശേഷം ഞാൻ എഴുന്നേറ്റ് നടക്കാൻ സാധ്യത ഇല്ലാ എന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ "എന്റെ സ്നേഹം കൊണ്ട് ഞാൻ എന്റെ അച്ഛനെ നടത്തും എന്ന് " അവൾ പതിയെ പറഞ്ഞതും .പിന്നെ എന്നെ എഴുന്നേൽപ്പിക്കാനുള്ള അവളുടെ ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു ആരോ പറഞ്ഞ് കേട്ട് വയനാട്ടിലെ ഒരു ആദിവാസി ഊരിലേക്ക് അവളെന്നെ കൊണ്ട് പോയി കുറെനാൾ അവിടെ കിടത്തി ചികിത്സിച്ചു രാവും പകലും ഇല്ലാതെ അവൾ എനിക്ക് വേണ്ടി കഷ്ടപ്പെട്ടു പലപ്പോഴും ആദിവാസികളുടെ കൂടെ മരുന്ന് ശേഖരിക്കാൻ പോകുന്ന അവൾ തരിച്ചു വരുന്നത് മുറിഞ്ഞു ചോരയൊലിക്കുന്ന കാലുമായിട്ടയിരിക്കും.സൂക്ഷിച്ചു നടക്കണ്ടേ മോളേ എന്ന് ഞാൻ ചോദിക്കുംബോഴായിരിക്കും കാലു മുറിഞ്ഞത് അവൾ അറിയുന്നത് തന്നെ എനിക്ക് നല്ല മാറ്റം വന്ന് തുടങ്ങി ചികിത്സയുടെ അവസാനഘട്ടമെത്തി.രണ്ട് ദിവസമായിരുന്ന അവസാന ഘട്ടം ഈ രണ്ട് ദിവസവും ഞാൻ ഉറങ്ങാൻ പാടില്ല ഉറങ്ങിയാൽ ഇതുവരെ ചികിത്സിച്ചതിന്റെ ഫലം മുഴുവൻ പോകും രണ്ട് ദിവസവും എന്നെ ഉറങ്ങാൻ അനുവധിക്കാതെ ഒരു പോള കണ്ണടക്കാതെ അവളെനിക്കു കാവൽ നിന്നു .ഇവളന്റെ മോളോ അതോ അമ്മയോ അതോ ദൈവമോ സ്ഥലകാലബോധമില്ലാതെ എന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകി .എന്റെ ചുമലിൽ ഒരു കൈ പതിഞ്ഞു "എന്തിനാ സാറേ കരയുന്നത് " അത് ജിക്കുവായിരുന്നു ഞാൻ കണ്ണുതുടച്ചു "ഒന്നുല്ല്യ ജിക്കു ഒരോരോ വിഷമങ്ങൾ" "വാ സാറെ നമുക്കൊരു ബിരിയാണി കഴിക്കാം ബിരിയാണി കഴിച്ചാൽ മാറാത്ത വിഷമങ്ങൾ ഒന്നും ഇല്ല " അപ്പോഴേക്കും എന്റെ ജോലിസമയം കഴിഞ്ഞിരുന്നു അവൻ എന്നെ പിടിച്ചു വലിച്ച് ആളൊഴിഞ്ഞ ഭാഗത്തെ ഒരു ബെഞ്ചിൽ ഇരുത്തി എന്നിട്ട് ബാഗിൽ നിന്ന് രണ്ട് ബിരിയാണി പൊതി എടുത്ത് ഒന്ന് എന്നെ ഏൽപ്പിച്ചു ഒന്ന് അവനും എടുത്തു .എനിക്കാണെങ്കിൽ ബിരിയാണി ഇറങ്ങുന്നെ ഇല്ല ജിക്കുവിനു വിഷമാവണ്ടാന്നു വെച്ചു ഞാൻ കഴിക്കുന്നതായി വരുത്തി തീർത്തു ജിക്കു ആണെങ്കിലോ ബാഗ് തുറക്കുന്നു പോതിയെടുക്കുന്നു കഴിക്കുന്നു അഞ്ചെണ്ണം വരെ ഞാൻ എണ്ണി പിന്നെ എണ്ണം കൈവിട്ടുപോയി അവൻ ഇടക്ക് എന്നോട് പറയുന്നുണ്ട് "സാറ് കഴിക്കു സാറേ ജീവിതത്തിൽ ആദ്യമായിട്ടാ ഒരാൾക്ക് എന്റെ ബാഗിലെ ബിരിയാണി കൊടുക്കുന്നത് "ജിക്കു ബിരിയാണി കഴിക്കുന്നത് നോക്കി നിന്ന എന്റെ മനസിലൂടെ പഴയകാര്യങ്ങൾ ഒരു സിനിമ കണക്കെ ഓടി ജിക്കുവിനെ കള്ളക്കടത്ത് കാരനായി തെറ്റിധരിച്ചതും ബിരിയാണി ചെമ്പിൽ വീണതും ബോധമില്ലാതെ കിടക്കുമ്പോഴും ബിരിയാണി നെഞ്ചോടു ചേർത്ത് പിടിച്ചതും കല്യാണ മണ്ഡപത്തിൽ വെച്ചു കണ്ടതും അങ്ങനെ എല്ലാം "സിനിമ " കണ്ട എന്റെ ചുണ്ടിൽ ഒരൊന്നൊന്നര ചിരി വിരിഞ്ഞു . അത് ശ്രദ്ധിച്ച ജിക്കു " സാറേ ബിരിയാണി കഴിച്ചാൽ മാറാത്ത വിഷമങ്ങളൊന്നുമില്ലാന്ന് ഇപ്പൊ മനസിലായില്ലേ " ഞാൻ വീണ്ടും ചിരിച്ചു
ഇതൊരു സാങ്കൽപ്പിക അനുഭവക്കുറിപ്പ് ആണ്
<.>