ഹോളിവുഡ് സംവിധായകൻ ആട് മനസ്‌ തുറക്കുന്നു

ഫെയ്സ് ബുക്കിലെ പ്രശസ്ത ഹോളിവുഡ് സംവിധായകനുമായുള്ള അഭിമുഖം വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല ഫെയ്സ് ബുക്കിലെ തിരിക്കൊഴിഞ്ഞ് സംവിധായകനെ ഒന്ന് കിട്ടണ്ടെ അപ്രതീക്ഷിതമായാണു നട്ട പാതിരയ്ക്ക് ആടിന്റെ ഫോണ്‍ വന്നത് " ഇന്ന് എന്നെ ആരും ഫെയ്സ് ബുക്കിൽ തെറി വിളിച്ചിട്ടില്ല അതുകൊണ്ട് ഇന്ന് എനിക്ക് ആരുടേയും തന്തക്ക് വിളിക്കേണ്ട , പുലർച്ച രണ്ട് മണിക്ക് വന്നോളൂ ഇനി ഇങ്ങനെ ഒരവസരം കിട്ടുമോ എന്ന് പോലും പറയാൻ കഴിയില്ല " "രണ്ട് മണിക്കോ" ഞാൻ ഞെട്ടലോടെ ചോദിച്ചു "നിങ്ങൾക്ക് അഭിമുഖം വേണമെങ്കിൽ ആ നേരത്ത് വരേണ്ടിവരും, രാവിലെ ആവുമ്പോഴേക്കും ആരെങ്കിലും ഫെയ്സ് ബുക്കിൽ പണിതരും പിന്നെ അവന്റെ തന്തക്ക് വിളിയും മറ്റുമായി ഞാൻ ബിസിയായിരിക്കും,"

പറഞ്ഞ പോലെ തന്നെ പുലർച്ച രണ്ട് മണിക്ക് ആടിന്റെ വീട്ടിൽ ഞങ്ങൾ(ഞാനും ഫോട്ടോഗ്രാഫറും)എത്തി കാളിങ്ങ് ബെൽ പലതവണ അടിച്ചു നോക്കിയെങ്കിലും ആരും വാതിൽ തുറക്കുന്നില്ല ഫോണിൽ വിളിച്ചു നോക്കി റിങ്ങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല സമയം ഇങ്ങനെ കടന്നു പോകുന്നു ആട് ഫെയ്സ് ബുക്കിൽ തന്നെ ആയിരിക്കുമെന്ന് ഞങ്ങൾ ഉറപ്പിച്ചു ഞങ്ങൾ ഇവിടെ എത്തി എന്ന് പറഞ്ഞ്‌ "ഇൻ ബോക്സി"ലേക്ക് ഒരു മെസേജ് അയച്ചു രണ്ട് സെകന്റ് ആയില്ല ആട് വന്ന് വാതിൽ തുറന്നു .ഞങ്ങളെ സ്വീകരണ മുറിയിൽ ഇരുത്തി ഇപ്പൊ വരാമെന്ന് പറഞ്ഞ്  അകത്തേക്ക് പോയി പിന്നെ വരുന്നത് എട്ടരയ്ക്ക് .

റിപ്പോർട്ടർ :   താങ്കൾ എങ്ങിനെയാണ് സിനിമ ലോകത്തേക്ക് എത്തിയത്

ആട് : അതൊരു വലിയ കഥയാണു വളരെ ഏറെ കഷ്ടപ്പെട്ടാണ്‌ ഞാൻ സിനിമയിൽ എത്തിയത്  ഒരു ദിവസം ഞാൻ കാലിഫോർണിയയിലെ  എന്റെ വീട്ടിൽ ആട്ടിൻ പാലും കുടിച്ച്  "പാത്തുമ്മയുടെ ആട് " വായിച്ച് കൊണ്ടിരിക്കുകയായിരുന്നു . പെട്ടന്നാണ് എവിടെ നിന്നോ ഒരു ആട് വന്ന് ആ പുസ്തകവും കടിച്ചെടുത്ത്  ഓടിക്കളഞ്ഞത് ഞാൻ പുറകെ ഓടി ശരിക്കും ഒരു ഓട്ടമത്സരം തന്നെയായിരുന്നു എത്ര ദിവസം ആ ആടിന്റെ പുറകെ ഓടിയെന്നു എനിക്ക് തന്നെ ഓർമ്മയില്ല ഒരു സ്ഥലത്ത് എത്തിയപ്പോൾ ആട് പെട്ടന്ന് അപ്രത്യക്ഷമായി മുന്നിലോട്ട് നോക്കിയപ്പോഴോ ' ഹോളിവുഡിലെ യൂണിവേഴ്സൽ സ്റ്റുഡിയോ' . ഒരാൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു ഞാൻ ആകെ പരിഭ്രമിച്ച് പോയി

റിപ്പോർട്ടർ :ആരായിരുന്നു അത്

ആട് :തോക്കിൽ കയറി വെടിവക്കല്ലടോ ഞാൻ പറയാം സാക്ഷാൽ സ്റ്റീവൻ സ്പീൽബർഗ് ആയിരുന്നു അത് സ്റ്റീവ് എന്നോട് ചോദിച്ചു "ഉനക്ക് പടം പണ്ണതക്ക് ഇൻട്രസ്റ്റ് ഇറുക്കാ " ഒന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു "ഇറുക്കും ഇറുക്കും " അങ്ങനെ സ്റ്റീവിന്റെ ശിഷ്യനായി ഞാൻ ഹോളിവുഡിൽ എത്തി

റിപ്പോർട്ടർ :  അപ്പൊ ആ ആട് എവിടെ പോയി

ആട് : അറിയില്ല ഞാൻ ഫെയ്സ് ബുക്കിൽ ഇത്ര ഫെയ്മസ് ആവാൻ വേണ്ടി ദൈവം അയച്ചതായിരിക്കും ആ ആടിനെ , ഫെയ്സ്ബുക്കിൽ ഞാൻ ഇത്രയും ഫെയ്മസ് ആവുന്നതിനു നിമിത്തമായ ആ ആടിനോടുള്ള നന്ദി സൂചകമായി ഞാൻ എന്റെ പേര് "ആട്"എന്ന് മാറ്റി

റിപ്പോർട്ടർ : ഇത്രയും കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ താങ്കൾ പുതിയൊരു ഹോളിവുഡ് ചിത്രത്തെക്കുറിച്ച് റിലീസിംഗ് ദിവസം തന്നെ നെഗറ്റീവ് റിവ്യൂ എഴുതിയത് ശരിയായോ .?  അതിനെ കുറിച്ചു എന്താണു പറയാനുള്ളത്

ആട് : ഞാൻ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലോ

റിപ്പോർട്ടർ :  താങ്കൾ ഖേദം പ്രകടിപ്പിക്കാൻ കാരണം

ആട് : എന്തിനാണ് ആളുകൾ ഒരു റിവ്യൂന്റെ പേരിൽ ഇങ്ങനെ കയറു പൊട്ടിക്കുന്നത് എന്ന സ്വാഭാവിക സംശയം എനിക്കുണ്ടായി അടുത്ത ദിവസം തന്നെ തിയറ്ററിൽ പോയി സിനിമ കണ്ടു.സിനിമ അത്ര മോശം ഒന്നും അല്ലായിരുന്നു അത് കൊണ്ട് ഖേദം പ്രകടിപ്പിക്കുന്നത് തന്നെയാണു മാതൃക .സിനിമ കാണാതെ റിവ്യു എഴുതുംബോൾ ഉണ്ടാവുന്ന ചില ബുദ്ധിമുട്ടുകൾ മാത്രമാണു ഇവിടെ ഉണ്ടായത്‌

റിപ്പോർട്ടർ :ഒരു പ്രമുഖ യൂണിവേഴ്സിറ്റിയിൽ പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചതിനെ താങ്കൾ വിമർശിച്ചിരുന്നല്ലോ

ആട് :അതേ അതിനെന്താ

റിപ്പോർട്ടർ :അത് പോലെ താങ്കൾക്ക് ഓസ്കാർ  അവാർഡ് കിട്ടിയപ്പോൾ പലരും വിമർശിച്ചതിനെതിരെ താങ്കൾ വളരെ മോശമായാണല്ലോ പ്രതികരിച്ചത് അത് ശരിയാണോ താങ്കൾക്ക് ഉള്ള അതേ അവകാശം അവർക്കുമില്ലേ

ആട് : പോടാ പോയി ആട്ടിൻ പാല് കുടിക്കടാ അവന്റെ ഒരു ചോദ്യം


റിപ്പോർട്ടർ : എന്തിനാ ഇങ്ങനെ അഹങ്കാരത്തോടെ മറുപടി പറയുന്നേ ,എന്ത് കണ്ടിട്ടാ അഹങ്കാരം

ആട് : ഒരുപാട് ആൾക്കാരായി ഈ ചോദ്യം ചോദിക്കുന്നു എന്തിനും ഏതിനും കൂടെ നിൽക്കുന്ന കുടുബത്തേയോ കൂട്ടുകാരെയോ കണ്ടിട്ടല്ല എന്നും കുടിക്കുന്ന ശുദ്ധമായ  ആട്ടിൻ പാൽ ആണ് എന്റെ അഹങ്കാരത്തിന്റെ രഹസ്യം . സംശയം ഉണ്ടെങ്കിൽ ഒരു ഗ്ലാസ് ആട്ടിൻ പാല് കുടിച്ചു നോക്ക് അഹങ്കാരം ഇങ്ങനെ നുരഞ്ഞ് പൊന്തുന്നത് കാണാം

അഭിമുഖത്തിനിടയിൽ ആടിന് ഒരു ഫോണ്‍ കാൾ വന്നു ആട് വളരെ അസ്വസ്ഥനായാണ് ഫോണിൽ സംസാരിക്കുന്നത്

റിപ്പോർട്ടർ : ചോദിക്കുന്നത് ശരിയല്ല എന്നാലും താങ്കൾ ഇങ്ങനെ അസ്വസ്ഥനാവുന്നത് കണ്ട് ചോദിക്കുകയാണ് ആരാണു ഫോണിൽ വിളിച്ചത് എന്താണു സംഭവം

ആട് : അത് ഒരു ഓണ്‍ലൈൻ പത്രത്തിൽ നിന്നാണ് എന്റെ ഷെയർ തരാത്തതിന് ചൂടായതാ

റിപ്പോർട്ടർ :ഷെയറോ ഒന്നും മനസിലായില്ല

ആട് : അതായത് രമണാ ഓണ്‍ ലൈൻ പത്രത്തിനു വേണ്ടത് "ഹിറ്റ്‌ " ആണല്ലോ യാതൊരു വാർത്തയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുമ്പോൾ അവരുടെ ലേഖകൻമാർ എന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ വന്ന് "ചൊറിയും" എന്നിട്ട് എന്നെ വിളിച്ചു  വേഗം പുളിച്ച മറുപടി കൊടുക്കാൻ പറയും ഞാൻ പറഞ്ഞപോലെ ചെയ്യും  ഉടൻ അവർ അത് വാർത്തയാക്കും "പ്രശസ്ത ഹോളിവുഡ് സംവിധായകൻ ആടിന്റെ തെറിയഭിഷേകം" എന്നൊക്കെ പറഞ്ഞു .അത് വായിക്കാൻ ആളുകൾ കൂടും എത്ര ആളുകൾ വായിച്ചു എന്നതിനെ ആശ്രയിച്ചാണു എന്റെ  വരുമാനം ചുരുക്കി പറഞ്ഞാൽ കാക്കയുടെ വിശപ്പും മാറും പശൂന്റെ കടിയും മാറും അല്ലെങ്കിൽ പശു വേണ്ട എന്റെ ആരോഗ്യവും നോക്കണമല്ലോ എരുമേടേ കടിയും മാറും

റിപ്പോർട്ടർ : ഇങ്ങനെ ഇരുന്നാൽ മതിയോ അടുത്ത ഒരു സിനിമ ചെയ്യണ്ടേ

ആട് : ഫെയ്സ് ബുക്കിൽ നിന്ന് ഒന്ന് മാറി നിൽക്കാൻ പറ്റണ്ടേ എന്നിട്ടല്ലേ ഒരു സിനിമയെ കുറിച്ച് ചിന്തിക്കാൻ പറ്റൂ, സിനിമ ചെയ്യാനൊക്കെ വലിയ ബുദ്ധിമുട്ടാ ഫെയ്സ് ബുക്ക് ആവുമ്പോ കാര്യങ്ങൾ വളരെ എളുപ്പാ കൂടുതൽ ഫെയ്മസ് ആവാൻ നല്ലത് ഫെയ്സ് ബുക്ക് തന്നെയാണ്

അഭിമുഖം രസകരാമായി പോകുകയായിരുന്നു അതിനിടയിലാണ് രസം കൊല്ലിയായി പോസ്റ്റ്മാൻ കടന്നു വന്നത് ആടിന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പോസ്റ്റ്മാന്റെ കയ്യിൽ നിന്ന് ആട് ഒരു പാക്കറ്റ് ഒപ്പിട്ട് വാങ്ങി .ശരിക്കും സ്വർഗം കിട്ടിയ അവസ്ഥയിലായിരുന്നു ആട് പറഞ്ഞറിയിക്കാൻ കഴിയാത്ത ഭാവം പാക്കറ്റ് പെട്ടന്നു തന്നെ  പൊട്ടിച്ചു അതിൽ ഒരു പുസ്തകമായിരുന്നു ആട് ആ പുസ്തകം ഞങ്ങൾക്ക് കാട്ടിത്തന്നു "1001 പുതിയ തെറികൾ " ആട് പുസ്തകത്തിൽ മുഴുകി ഞങ്ങളെ മൈൻഡ് ചെയ്യുന്നില്ല "മേലേപറമ്പിൽ ആണ്‍ വീട്ടിൽ " ജഗതി പുസ്തകം വായിച്ച് തമിഴ് പഠിക്കുന്നത് പോലെയായിരുന്നു ആടിന്റെ പഠനം .പിന്നെ അധികനേരം ഞങ്ങൾ അവിടെ നിന്നില്ല അഭിമുഖം പകുതിക്കു വെച്ചു അവസാനിപ്പിച്ച് അവിടെ നിന്ന് മടങ്ങി

ഇതൊരു സാങ്കൽപ്പിക അഭിമുഖം ആണ്

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer