മോഹന്‍ലാലിന്റെ മുഖത്ത് നോക്കി അയാള്‍ ചോദിച്ചു; 'നിങ്ങള്‍ എന്തുചെയ്യുന്നു'?

'കളിയില്‍ അല്‍പം കാര്യം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് രസകരമായ ആ സംഭവം നടന്നത്.

അന്ന് കോഴഞ്ചേരിയിലായിരുന്നു ഷൂട്ടിംഗ്. അന്നത്തെ വര്‍ക്ക് അവസാനിക്കുമ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. മടക്കയാത്ര ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഞാനും ലാലും ബാക്ക്‌സീറ്റില്‍. മുമ്പില്‍ ക്യാമറാമാന്‍ ആനന്ദക്കുട്ടന്‍. ജോണാണ് വണ്ടിയോടിക്കുന്നത്.

വണ്ടി കുറച്ചുദൂരം പിന്നിടുമ്പോള്‍ ഞങ്ങള്‍ ദൂരെനിന്നേ കണ്ടു. ഒരാള്‍ വണ്ടിക്ക് കൈ കാണിക്കുന്നു. ലിഫ്റ്റ് ചോദിക്കാനായിരിക്കും. പക്ഷേ ഈ അസമയത്ത് വണ്ടി നിര്‍ത്തേണ്ടെന്ന് ഞാന്‍ ജോണിനോട് പറഞ്ഞു. പക്ഷേ ലാല്‍ സമ്മതിച്ചില്ല. 'സത്യനെന്ന് പേരുണ്ടായിട്ട് കാര്യമില്ല. അല്‍പ്പം സന്മനസ്സൊക്കെ വേണം' ലാല്‍ പറയുന്നുണ്ടായിരുന്നു. ലാല്‍ ഇടപെട്ട് വണ്ടി നിര്‍ത്തിച്ചു. അപരിചിതന്‍ ഓടി വണ്ടിയ്ക്കടുത്തേക്ക് വന്നു. ഒരു മധ്യവയസ്‌കന്‍. വൃത്തിയായി വസ്ത്രധാരണമൊക്കെ ചെയ്തിട്ടുണ്ട്.

'എവിടേക്ക് പോകുന്നു?'

അയാള്‍ ജോണിനോട് ചോദിച്ചു.

'എറണാകുളത്തേയ്ക്ക്'.

'എനിക്കുകൂടി ഒരു ലിഫ്റ്റ് തരുമോ?'

വണ്ടി നിര്‍ത്തിയതുതന്നെ അയാളെ കയറ്റാനായതുകൊണ്ട് ജോണ്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അയാള്‍ ആനന്ദക്കുട്ടനോടൊപ്പം മുന്‍സീറ്റിലിരുന്നു. എനിയ്ക്ക് അത് ഒട്ടും പിടിച്ചിട്ടില്ലെന്ന് ലാലിന് മനസ്സിലായി. എന്നെ ശുണ്ഠി പിടിപ്പിക്കാനെന്നോണം ലാല്‍ അയാളോട് സംസാരിക്കാനും തുടങ്ങി.

'എറണാകുളത്ത് എന്തിന് പോകുന്നു?'

'ജോലി അവിടെയാണ്.'

'എവിടെ?'

'ഫാക്ട്, ഉദ്യോഗമണ്ഡലില്‍.'

'ഓ... എന്റെയൊരു അമ്മാവനും അവിടെ വര്‍ക്ക് ചെയ്യുന്നുണ്ട്.'

'പേര്?'

'രാധാകൃഷ്ണന്‍'.

'രാധാകൃഷ്ണന്റെ ശേഷക്കാരനാണോ?'

'അതെ.'

'അദ്ദേഹത്തിന് ഒരു സഹോദരിയുണ്ടല്ലോ? ശാന്തയെന്നല്ലേ പേര്?'

'അതെ.'

'അവരുടെ ഭര്‍ത്താവ് ലോ സെക്രട്ടറി വിശ്വനാഥന്‍ നായര്‍. എനിക്കറിയാം. അദ്ദേഹത്തിന് രണ്ട് മക്കള്‍ അല്ലേ. നിങ്ങള്‍ ഇളയതോ മൂത്തതോ?'

'ഇളയത്'

'മൂത്തയാളെന്ത് ചെയ്യുന്നു?'

'നേവിയിലാണ്'

'നിങ്ങളോ?'

ആ ചോദ്യം ലാല്‍ ഒട്ടുമേ പ്രതീക്ഷിച്ചതല്ല. കാരണം ലാല്‍ അന്ന് സ്റ്റാറാണ്. അങ്ങനെയൊരാളെ തിരിച്ചറിയില്ലെന്നുവന്നാല്‍ ആര്‍ക്കാണ് ക്ഷീണമുണ്ടാകാത്തത്. അതും താന്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുവന്ന ഒരാളില്‍ നിന്ന്. ലാല്‍ ഒന്നും മിണ്ടുന്നില്ല. ഞങ്ങളിലാരെങ്കിലും അത് പറയണമെന്ന് ലാല്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നി. പക്ഷേ ഞാനോ ആനന്ദക്കുട്ടനോ അതേപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. പകരം അതുവരെ ഓഫായി കിടന്ന ബാക്ക് ലൈറ്റ് ഞാന്‍ ഓണ്‍ ചെയ്തുകൊടുത്തു. കാറിനുള്ളില്‍ പ്രകാശം പരന്നു. ആ നിറഞ്ഞ വെളിച്ചത്തില്‍ അയാള്‍ ലാലിനെ കണ്ടു. എന്നിട്ട് ചോദിച്ചു.

'ജോലിയൊന്നും ആയില്ല, അല്ലേ?'

ആ സമയം ലാലിന്റെ മുഖം വിളറി വെളുക്കുന്നത് ഞാന്‍ കണ്ടു. എനിയ്ക്കാണെങ്കില്‍ ചിരിയും വരുന്നുണ്ട്. ഞാന്‍ പെട്ടെന്ന് ലൈറ്റ് ഓഫ് ചെയ്തു. ലാല് സീറ്റിലേക്ക് ചാരി ഉറങ്ങുന്നതുപോലെ കിടന്നു.

പിന്നെ സംസാരങ്ങളൊന്നുമുണ്ടായില്ല. വണ്ടി എറണാകുളത്തെത്തിയപ്പോള്‍ അയാളിറങ്ങി. ഞങ്ങളോട് യാത്ര പറഞ്ഞു.

വിശ്വനാഥന്‍ നായരുടെ മകന്‍ ഉറക്കത്തിലാണെന്ന് തോന്നുന്നു. ഉണര്‍ത്തേണ്ട. അയാളോട് പറഞ്ഞാല്‍ മതി.

അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ലാല്‍ പറഞ്ഞു.

'ഇയാളെയൊക്കെ കയറ്റിക്കൊണ്ടുവന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ..'

'അഹങ്കരിക്കരുത്. നിങ്ങള്‍ക്കൊരു തോന്നലുണ്ട്. നിങ്ങളെ എല്ലാവരും അറിയുമെന്ന്. ഇപ്പോ കണ്ടില്ലേ. ഇത്രയേയുള്ളൂ പ്രശസ്തി.' ഞാന്‍ പറഞ്ഞു.

നാന സിനിമാവാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന മോഹനം ലാസ്യം മനോഹരം എന്ന പരമ്പരയുടെ പുതിയ ഭാഗത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ ലാല്‍ ഓര്‍മ്മകള്‍. കെ.സുരേഷാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.

<.>
<.>
Share this post :
 
Copyright © 2015. Chiri - All Rights Reserved
Website Designed and Developed by Creating Website
Disclaimer